ഓക്‌സിജൻ റീസൈക്ലിംഗ് സിസ്റ്റം രൂപകൽപന ചെയ്ത് ഇന്ത്യൻ നേവി

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്‌സിജൻ റീസൈക്ലിംഗ് സിസ്റ്റം രൂപകൽപന ചെയ്തിരിക്കുകയാണ് ഇന്ത്യൻ നേവിയുടെ സതേൺ ഡൈവിംഗ് സ്‌കൂളിലെ ലെഫ്റ്റനന്റ് കമാൻഡർ മായങ്ക് ശർമ. മായങ്കിന്റെ കണ്ടുപിടിത്തതിന് ഇതിനോടകം പേറ്റന്റും ലഭിച്ചുകഴിഞ്ഞു.

ഒരു രോഗി ശ്വസിക്കുന്ന ഓക്‌സിജന്റെ ഒരു ചെറിയ ശതമാനം മാത്രമേ ശ്വാസകോശത്തിലേക്ക് എത്തുന്നുള്ളൂ എന്ന വസ്തുത ചൂണ്ടിക്കാട്ടി, മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളുടെ ഉപയോഗം കൂട്ടുന്നതിനാണ് ഒ.ആർ.എസിന്റെ കണ്ടുപിടിത്തം. പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിന് ശേഷം തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയും വിലയിരുത്തലുകൾ നടത്തി, പ്രായോഗികമെന്ന് കണ്ടെത്തി.

ഒ.ആർ.എസിന്റെ പ്രോട്ടോടൈപ്പിന് 10000 രൂപയാണ് ചിലവ് വരിക. പുനരുപയോഗം മൂലം ഓരോ ദിവസവും 3000 രൂപയോളം ലാഭിക്കാമെന്നും വിദഗ്ദർ പറയുന്നു. രാജ്യത്തെ നിലവിലുള്ള ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനും സൈനികർ ഉപയോഗിക്കുന്ന ഓക്‌സിജന് സിലിണ്ടറുകളുടെ പുനരുപയോഗത്തിനും ഒആർഎസ് ഗുണകരമാണ്.