ഭൂരിപക്ഷ പിന്തുണ വിഡി സതീശന്; ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ചെന്നിത്തലക്കൊപ്പം: പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം. വിഡി സതീശനും രമേശ് ചെന്നിത്തലയും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ഭൂരിപക്ഷ പിന്തുണ വിഡി സതീശനാണെങ്കിലും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ചെന്നിത്തലയ്ക്കൊപ്പമാണ്. ഇതാണ് ഹൈക്കമാൻഡിനെ കുഴക്കുന്നത്.

ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുക എന്ന് ഉമ്മൻ ചാണ്ടിയും മറ്റ് ചില നേതാക്കളും നിലപാടെടുക്കുന്നു. എന്നാൽ, കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ വാക്കുകൾ ജനം മുഖവിലയ്ക്കെടുത്തില്ലെന്നും അതുകൊണ്ട് തന്നെ നേതൃമാറ്റവും അടിമുടി അഴിച്ചുപണിയും നടത്തിയില്ലെങ്കിൽ ജനങ്ങൾ പിന്തുണയ്ക്കില്ലെന്നും സതീശനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

ദേശീയ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വി വൈത്തിലിംഗം എന്നിവർ ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കമാൻഡിനു സമർപ്പിച്ചിട്ടുണ്ട്. ഖാർഗെയുമായി എംഎൽഎമാർ ഒറ്റക്കൊറ്റക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ ഭൂരിഭാഗം തന്നെയാണ് പിന്തുണച്ചതെന്ന് സതീശനും രമേശും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.

കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും യുഡിഎഫ് കൺവീനറായി പിടി തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയാറാകുമ്പോൾ പ്രതിപക്ഷ നേതൃനിരയിലും പുതുമ വേണമെന്ന ചിന്ത ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന. ഗ്രൂപ്പ്, സാമുദായ സമവാക്യങ്ങൾക്കപ്പുറം സംഘടനയെ ചലിപ്പിക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും ഉതകുന്നവിധത്തിൽ കേരളത്തിൽ പൊളിച്ചെഴുത്തിന് കേന്ദ്രനേതൃത്വം തയാറാകുമെന്നും സൂചനകളുണ്ട്.