പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. രമേശ് ചെന്നിത്തല, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങിയവരില്‍ ആരെങ്കിലും ആകും പ്രതിപക്ഷ നേതാവ്. തലമുറമാറ്റത്തിന്റെ ഭാഗമായി വി ഡി സതീശന്റെ പേരിന് മുന്‍തൂക്കം ഉണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ആര്‍ജിച്ച് രണ്ടാം ഊഴം ഉറപ്പാക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം.

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി ഒരു പേര് നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത ഭിന്നതയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ എന്നാണ് നിരീക്ഷണം. എംഎല്‍എമാരില്‍ ഭൂരിപക്ഷം സതീശനെയും മുതിര്‍ന്ന നേതാക്കളില്‍ ഭൂരിപക്ഷം രമേശിനെയും പിന്തുണയ്ക്കുന്നു. പി ടി തോമസിന്റെ പേരും അദ്ദേഹം മാത്രമാണ് നിര്‍ദേശിച്ചതെങ്കിലും രണ്ടാമത്തെ നിര്‍ദേശമായി ഏതാനും എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്.

യുവ എംഎല്‍എമാരുടെ നിലപാടിനെ കുട്ടിക്കളിയായി എഴുതിത്തള്ളരുത് എന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെതാകും അന്തിമ തീരുമാനം.

വി ഡി സതീശനെ ഇന്നലെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മറ്റ് ചില വിഷയങ്ങള്‍ ആരായാന്‍ ബന്ധപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃപദവി സമ്പന്ധിച്ച വിവരങ്ങള്‍ ഒന്നും അവര്‍ എന്നാല്‍ ഔദ്യോഗികമായി പങ്ക് വച്ചിട്ടില്ല. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നും തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണെന്നും എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു.