വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്ത് ഇവര്‍ താമസിച്ച റിസോര്‍ട്ടിന് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് ഇല്ലാത്തതായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
എന്നാല്‍, ഹോം സ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നുമായിരുന്നു റിസോര്‍ട്ട് ഉടമയുടെ വാദം. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് റിസോര്‍ട്ട് ഉടമ അറിയിച്ചു.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്പോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.