കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ

വിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡൻ്റ് ഡോ. കെകെ അഗർവാളും ഉൾപ്പെടുന്നു. ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് മരണപ്പെട്ടത്.

“കൊവിഡ് രണ്ടാം തരംഗം വളരെ ഗുരുതരമാണ്. കൊവിഡ് മുന്നണിപ്പോരാളികളായി നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ അപകടകരമാണ് ഇത്.”- ഐഎംഎ പ്രസിഡൻ്റ് ഡോ. ജെഎ ജയലാൽ പറഞ്ഞു.

രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധ തുടരുകയാണ്. കൊവിഡിൽ ജീവൻ പൊലിഞ്ഞവരെപ്പറ്റി സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിതുമ്പിയിരുന്നു. കൊവിഡ് ഒരുപാട് പ്രിയപ്പെട്ടവരുടെ ജീവിതം കൊവിഡ് കവർന്നെടുത്തു എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ നമ്മൾ കടുത്ത പോരാട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ മണ്ഡലമായ വാരണാസിയിൽ ആരോഗ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷൻ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്സിനേഷൻ കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.