കോവിഡ് വാക്സിൻ : ജില്ലയോടുള്ള അവഗണനക്കെതിരെ മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കത്ത്

മലപ്പുറം :കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തൃതിയും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിനും അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല. കത്തയക്കുന്ന ദിവസമായ മെയ്‌ 27 ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്സിൻ ലഭ്യമാവുന്നത്.
ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക് ഡൗണും നില നിൽക്കുന്ന ഏക ജില്ലയായിരുന്നിട്ട് പോലും ജില്ലയുടെ ആവശ്യത്തിനനുസരിച്ച് വാക്സിനും,വാക്സിൻ കേന്ദ്രങ്ങളും സജ്ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണെന്നും ഇത് ഏറെ വേദനാ ജനകമാണെന്നും പ്രസിഡന്റ്‌ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം,
സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്,ആലിപ്പറ്റ ജമീല,
എൻഎ കരീം മെമ്പർമാരായ എപി ഉണ്ണികൃഷ്ണൻ,അഡ്വ. പി.വി.മനാഫ്,പി.കെ.സി. അബ്ദുറഹ്മാൻ,ഫൈസൽ എടശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
പ്രസിഡന്റ്‌ അയച്ച കത്തിന്റെ പൂർണ്ണ രൂപം:-
പ്രേഷിത
എം. കെ. റഫീഖ
പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌, മലപ്പുറം

സ്വീകർത്താവ്
പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി

സാർ,
വിഷയം : മലപ്പുറം ജില്ലക്ക് ജനസസംഖ്യാനുപാതികമായി വാക്സിനേഷൻ കേന്ദ്രങ്ങളും, വാക്സിനും അനുവദിക്കുന്നത് സംബന്ധിച്ച്
സൂചന : കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം കോ- വിൻ സൈറ്റിലെ കറന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്
കേരള സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് നടത്തുന്ന നല്ല ഇടപെടലുകളെ അഭിനന്ദിക്കുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.അതോടൊപ്പം അങ്ങയുടെ അതീവ ശ്രദ്ധയും അടിയന്തിര ഇടപെടലും ആവശ്യമായ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയാണീ കത്ത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും ശരാശരി 4 ജില്ലകളുടെ വിസ്തൃതി വരുന്നതുമായ ജില്ലയുമാണ് മലപ്പുറം. എന്നാൽ ജില്ലയിലെ ജനങ്ങൾക്ക് കോവിഡ് കുത്തിവെപ്പെടുക്കുന്നതിന് വാക്സിൻ കേന്ദ്രങ്ങൾ അനുവദിച്ചപ്പോൾ ജില്ലയോട് വലിയ അവഗണന കാണിച്ചതായി കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം ജില്ലയിൽ വാക്സിൻ സെന്ററുകൾ 140 ആണെന്നിരിക്കെ 43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് ആകെ 101 സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്.ഇതിൽ തന്നെ തിരുവനന്തപുരത്ത് 114 സർക്കാർ കേന്ദ്രങ്ങളും 26 സ്വകാര്യ കേന്ദ്രങ്ങളും ഉള്ളപ്പോൾ മലപ്പുറത്ത് യഥാക്രമം 91ഉം
10ഉം ആണ്.സർക്കാർ സൈറ്റിൽ നിന്ന് ലഭ്യമായ കണക്ക് പ്രകാരം ഇന്ന് 27-05-2021 ന് മറ്റ് പല ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങളിൽ വാക്സിൻ ലഭിക്കുമ്പോൾ മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ ലഭ്യമായിട്ടുള്ളത്. ഇത് വലിയ അവഗണനയും നിരുത്തരവാദപരവും വേദനജനകവുമാണെന്ന് സൂചിപ്പിക്കുന്നു.
ആവശ്യത്തിനനുസരിച്ചും യഥാ സമയത്തും വാക്സിൻ ലഭ്യമാക്കാത്തതിനാൽ മലപ്പുറത്ത് ഇത് വരെ ആകെ 6,68000 പേർക്ക് മാത്രമാണ് വാക്സിൻ എടുക്കാൻ കഴിഞ്ഞത്. എന്നാൽ മലപ്പുറത്തേക്കാൾ ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് 10,38,000 പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞു.

മലപ്പുറത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കൂടുതലാണെന്ന് സർക്കാർ തന്നെ പറയുമ്പോഴും ആവശ്യമായ വാക്സിൻ ഇത് വരെയും ഇവിടേക്ക് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തിരമായ പരിഹാരം കാണുന്നതിനും ജനസംഖ്യനുപാതികമായി എത്രയും വേഗം കൂടുതൽ ഡോസ് വാക്സിൻ മലപ്പുറം ജില്ലക്ക് അനുവദിക്കുന്നതിനും അങ്ങയുടെ സത്വരമായ ഇടപെടലുണ്ടാവണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
വിശ്വസ്ഥതയോടെ,
(ഒപ്പ്)
എം. കെ. റഫീഖ
പ്രസിഡന്റ്‌
ജില്ലാ പഞ്ചായത്ത്‌ മലപ്പുറം