ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്ര; കപ്പൽ കാണാതായാൽ മുഴുവൻ പണവും തിരികെ നൽകുമെന്ന് അധികൃതർ

ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് ഏറെ നി​ഗൂഢതകൾ നിറഞ്ഞ ബർമൂഡ ട്രയാം​ഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബർമൂഡ ട്രയാം​ഗിളിൽപ്പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ കപ്പലും കാണാതായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ മടക്കി നൽകുമെന്നാണ് കപ്പൽ അധികാരികൾ പറയുന്നത്.

രണ്ട് ദിവസത്തെ യാത്രയ്ക്കാണ് കപ്പല്‌ തയാറെടുക്കുന്നത്. ഈ രണ്ട് ദിവസത്തേക്ക് 1,450 യൂറോ, ഏകദേശം 1.4 ലക്ഷം രൂപയാണ് നൽകേണ്ടത്.

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ഭാ​ഗമാണ് കുപ്രസിദ്ധമായ ബർമൂഡ ട്രയാം​ഗിൾ. ഏതൊരു നാവികന്റേയും പേടിസ്വപ്നം. ബർമൂഡയ്ക്കും ഫ്ളോറിഡയ്ക്കും പോർട്ടോ റിക്കോയ്ക്കും മധ്യേ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ബർമൂഡ ട്രയാം​ഗിൾ എന്നറിയപ്പെടുന്ന ഈ ഭാ​ഗത്തകപ്പെട്ട വിമാനങ്ങളും കപ്പലുകളുമെല്ലാം അപ്രത്യക്ഷമായിട്ടുണ്ട്.

പതിറ്റാണ്ടുകളോളം മനുഷ്യനെ കുഴക്കിയ ബർമൂഡ ട്രയാം​ഗിളിന്റെ നി​ഗൂഢതയെ പൊളിച്ചടുക്കിയെന്ന അവകാശവാദവുമായി 2017 ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ കാൾ ക്രുഷേൽനിക്കി രം​ഗത്ത് വന്നിരുന്നു. മറ്റേത് സമുദ്രത്തിലും കപ്പൽ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ മാത്രമേ ബർമൂഡ ട്രയാം​ഗിളിലും ഉള്ളു എന്നും ഇവിടെ മറ്റ് പ്രത്യേകതകളൊന്നും ഇല്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ബർമൂഡ ട്രയാം​ഗിളിൽ ഇതുവരെ എച്ച്എംഎസ് അറ്റ്ലാന്റ, യുഎസ്എസ് സ്ക്ലോപ്സ്, ഫ്ളൈറ്റ് 19 എന്നിങ്ങനെ 16 വിമാന അപകടങ്ങളും, പതിനേഴ് കപ്പൽ അപകടങ്ങളും നടന്നിട്ടുണ്ട്. ഇതിൽ പകുതി കപ്പലുകളും കണ്ടെത്താനായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.