അസലാമു അലൈക്കും മോദി സാബ്; കൊച്ചു കുട്ടികള്‍ക്ക് ഇത്രയും ജോലി എന്തിനാ; പരാതിയുമായി 6 വയസുകാരി

കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് പുതിയൊരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചു. മുൻവർഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. മാറിയ കാലത്തെ പുതിയ പാഠ്യരീതി പുതുതലമുറയ്ക്ക് ശീലമായി കഴിഞ്ഞു.

എന്നാൽ വിര്‍ച്വല്‍ ക്ലാസുകള്‍ അത്ര നല്ലതല്ലെന്നാണ് ഒരു ആറു വയസുകാരിയുടെ പരാതി. ഈ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ.

‘അസലാമു അലൈക്കും മോദി സാബ്.. ഞാൻ ആറു വയസുള്ള പെണ്‍കുട്ടിയാണെ..ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് സാബ് ? വലിയ കുട്ടികള്‍ക്കാണ് ഇത്രയും ജോലി നല്‍കേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. ഒത്തിരി പഠിക്കാൻ ഉണ്ട്. ഇതൊക്കെ വലിയ കുട്ടികള്‍ക്കല്ലേ വേണ്ടത് ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ?’

ഇടയ്ക്ക് മോദി ‘സാര്‍’ ആണോ ‘മാഡം’ ആണോ എന്ന കണ്‍ഫ്യൂഷനും കുട്ടിക്കുണ്ടാകുന്നുണ്ട്. രസകരമായ വളരെ നിഷ്കളങ്കമായ ഈ പരാതി അധികം വൈകാതെ തന്നെ വൈറലായി.

‘വളരെ ആരാധനീയമായ ഒരു പരാതി. ഹോം വര്‍ക്കിന്‍റെ ഭാരം ലഘൂകരിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ ഒരു നയം കൊണ്ടുവരാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കത്വം ദൈവത്തിന്റെ ദാനമാണ്, അവരുടെ നാളുകള്‍ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം’. വീഡിയോ പങ്കുവച്ച്‌ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

എന്തായാലും സഹപാഠികൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ് ഈ 6 വയസുകാരി.