പൊലീസുകാരന്‍ കൊവിഡ് ഡ്യൂട്ടിക്കിടെ ക്രൂരമായി ആക്രമിക്കപ്പെട്ടു; സര്‍ക്കാര്‍ സഹായം തേടി കുടുംബം

ഇടുക്കി മറയൂരില്‍ കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിനായി പ്രാത്ഥനയോടെ കുടുംബവും നാട്ടുകാരും. തലയോട്ടിക്ക് പരുക്കേറ്റ അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നീരിക്ഷണത്തിലാണ്. ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം മറയൂരിലെ ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെയാണ് സിപിഒ അജീഷ് പോളിന് തലയ്ക്ക് മര്‍ദനമേറ്റത്. മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്ത അജീഷിനെ മറയൂര്‍ സ്വദേശി സുലൈമാന്‍ കല്ലുവെച്ച് തലയ്ക്കടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശാസ്ത്രക്രിയ നടത്തി. ഇപ്പോഴും നീരിക്ഷണത്തിലാണ്. പൊലീസ് അസോസിയേഷന്റെ സഹായത്തിലാണ് ആശുപത്രി ചെലവുകള്‍ നടക്കുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ഇതിന് മുന്‍പ് ആക്രമണം ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അജീഷിന്റേത്.