സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന്. ജന്മനാടായ മലപ്പുറം നരണിപ്പുഴ ജുമാ മസ്ജിദിലാണ് ഖബറക്കം.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ കൊച്ചിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കോയമ്പത്തൂര്‍ കെ ജി ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് കൊച്ചിയിലേക്ക് പായുമ്പോള്‍ ഷാനവാസിനെ സ്‌നേഹിച്ചവര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. രണ്ടര മണിക്കൂര്‍ കൊണ്ട് ഇന്നലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും യാത്രക്കിടെ സ്ഥിതി കൂടുതല്‍ വഷളായി. പത്തേ കാലോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
പുതിയ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാനായി അട്ടപ്പാടിയില്‍ എത്തിയ ഷാനവാസിന് കഴിഞ്ഞ ഞായറാഴ്ചയാണ് ഫുട്‌ബോള്‍ കളിക്കവെ ഹൃദയാഘാതം ഉണ്ടായത്. 2015ല്‍ ജാതിവിവേചനം പ്രമേയമാക്കി ആക്കി സംവിധാനം ചെയ്ത ആദ്യചിത്രം കരി അന്താരാഷ്ട്ര വേദികളിലും ശ്രദ്ധിക്കപ്പെട്ടു. 2020ല്‍ കൊവിഡ് കാലത്ത് മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയി പുറത്തിറങ്ങിയ സൂഫിയും സുജാതയുമാണ് രണ്ടാം ചിത്രം. പ്രണയവും ആത്മീയതയും സംഗീതസാന്ദ്രമായ, ദൃശ്യകാവ്യമാക്കി മാറ്റിയ സൂഫിയുടെ സംവിധായകന്‍ ഓര്‍മയില്‍ വാങ്ക് വിളിയായി മുഴുങ്ങുക തന്നെ ചെയ്യും.