യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമില്‍ തുടക്കം

കൊവിഡ് മഹാമാരി വിതച്ച ദുരിതദിനങ്ങള്‍ക്കൊടുവില്‍ കളിക്കളത്തില്‍ ആവേശമെത്തുന്നു. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുര്‍ക്കിയും തമ്മില്‍. വേദികളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാണികള്‍ക്കുള്ള പ്രവേശം.

കൊവിഡ് കാരണം കഴിഞ്ഞവര്‍ഷം മാറ്റിവച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകള്‍ മാറ്റുരയ്ക്കും. ആറ് ഗ്രൂപ്പുകള്‍. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും ഹാരി കെയ്നും തുടങ്ങി ലോക ഫുട്ബോളിലെ മിന്നുംതാരങ്ങള്‍ ഇന്നുമുതല്‍ യൂറോയുടെ കളിത്തട്ടിലാണ്. കിരീടംകൊതിച്ച്‌ ഒരു നിരതന്നെയുണ്ട്. സാധ്യതകളില്‍ എല്ലാത്തിലും ബലാബലം.

നിലവിലെ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തുന്ന പോര്‍ച്ചുഗല്‍, ലോക ചാമ്പ്യൻമാരായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യൻമാരായ ജര്‍മനി, ഇറ്റലി, സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ്, കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്, ബല്‍ജിയം ടീമുകളാണ് രംഗത്ത്.