സ്വർണാഭരണങ്ങൾക്ക് ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ നിയമം അനുസരിച്ച് വിൽപ്പനക്കാർ 14, 18, 22 കാരറ്റ് പരിശുദ്ധിയുള്ള ആഭരണങ്ങൾ ബിഐഎസ് ഹാൾമാർക്ക് മുദ്രയില്ലാതെ വിൽക്കുന്നത് കുറ്റകരമാണ്.

സ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രണം ചെയ്യുന്നത് ഇന്ന് മുതൽ നിർബന്ധമായി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ജ്വല്ലറികളിൽ 14, 18, 22 കാരറ്റുള്ള സ്വർണ്ണാഭരണങ്ങൾ മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്ക് മുദ്രയോടെ വിൽക്കാൻ സാധിക്കുകയുള്ളൂ. നേരത്തെ ജൂൺ ഒന്നു മുതൽ ആഭരണങ്ങളിൽ ഗുണമേന്മ മുദ്രണം നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കോവിഡ്-19 വ്യാപനത്തിന് പശ്ചാത്തലത്തിൽ നീട്ടി നൽകുകയായിരുന്നു.

നിലവിൽ രാജ്യത്ത് വിൽക്കപ്പെടുന്നതിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങൾ മാത്രമാണ് ഹാൾമാർക്ക് ചെയ്യുന്നത്. കൂടാതെ, രാജ്യത്ത് നാല് ലക്ഷം ജ്വല്ലറികൾ ഉള്ളതിൽ 35,879 എണ്ണം മാത്രമാണ് ബിഐഎസ് സർട്ടിഫിക്കേഷൻ നേടിയിട്ടുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹാൾമാർക്കിങ് കേന്ദ്രങ്ങളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായതായി സർക്കാരിന്റെ കണക്കുകൾ പറയുന്നു. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യത്ത് ഒരു വർഷം 14 കോടി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഹാൾമാർക്ക് ചെയ്യുന്നത് നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏകോപനത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരിയുടെ നേതൃത്വത്തിലുള്ള സമിതി ചുമതലപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

2019 നവംബറിലാണ് ആഭരണങ്ങൾക്ക് ഗുണമേന്മാ മുദ്ര നിർബന്ധമാക്കാൻ സർക്കാർ തീരുമാനം എടുത്തത്. 2021 ജനുവരി 15 മുതൽ രാജ്യത്ത് പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ കോവിഡ്-19 വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സർക്കാർ രണ്ടു പ്രാവശ്യമായി സമയ പരിധി നീട്ടി നൽകുകയായിരുന്നു.

ഹാൾമാർക്കിംഗ്, അറിയേണ്ട കാര്യങ്ങൾ:

– ലോഹത്തിന്റെ പരിശുദ്ധി ഉറപ്പാക്കി സർട്ടിഫൈ ചെയ്യുന്നതാണ് സ്വർണത്തിന്റെ ഹാൾമാർക്കിംഗ്. നിലവിൽ സ്വർണ വിൽപ്പനക്കാർക്ക് വേണമെങ്കിൽ മാത്രം ഹാൾമാർക്കിംഗ് ചെയ്താൽ മതിയായിരുന്നു. എന്നാൽ സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശം നിലവിൽവന്നതോടെ ഹാൾമാർക്കിംഗ് നിർബന്ധമാണ്. വ്യാജവും ഗുണമേന്മ ഇല്ലാത്തതുമായ ആഭരണം നൽകി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

– പുതിയ നിയമം അനുസരിച്ച് വിൽപ്പനക്കാർ 14, 18, 22 കാരറ്റ് പരിശുദ്ധിയുള്ള ആഭരണങ്ങൾ ബിഐഎസ് ഹാൾമാർക്ക് മുദ്രയില്ലാതെ വിൽക്കുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ വിൽപ്പന നടത്തിയാൽ വിൽപ്പനക്കാർക്ക് ആഭരണത്തിന്റെ വിലയുടെ അഞ്ച് മടങ്ങ് പിഴയും ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാം.

– എല്ലാ ജ്വല്ലറികളിലും ആഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്ക് മുദ്ര നിർബന്ധമാകുന്നതോടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനും ശുദ്ധമായ സ്വർണം ലഭ്യമാക്കുന്നതിനുമാണ് സർക്കാർ നടപടി സ്വീകരിച്ചത്.

– ആഭരണത്തിലെ ഹാൾമാർക്കിംഗ് യഥാർത്ഥത്തിൽ ഉള്ളതാണെന്ന് ഉറപ്പാക്കാൻ സ്വർണ്ണത്തിൻറെ കാരറ്റ്, ഗുണമേന്മ എന്നിവ ഉറപ്പാക്കുക. ബിഐഎസ് മാർക്ക്, ജ്വല്ലറിയുടെ ഐഡന്റിഫിക്കേഷൻ മാർക്ക്, ഹാൾമാർക്കിങ് സെന്റർ ഐഡന്റിഫിക്കേഷൻ മാർക്ക് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.