കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്.
ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
ചുരുക്കം ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ മരുന്ന് വില്‍ക്കാന്‍ നിലവില്‍ അനുവാദമുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് 25ഓളം കമ്പനികളാണ് റെംഡെസിവിര്‍ മരുന്ന് നിര്‍മിക്കുന്നത്. എന്നാല്‍ അവയില്‍ എട്ടില്‍ താഴെ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ അനുവാദമുള്ളൂ.
ബാക്കിയുള്ളത് കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. മറ്റു കമ്പനികള്‍ക്ക് കൂടി രാജ്യത്തിനകത്ത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റെംഡെസിവിറിന്റെ ദൗര്‍ബല്യം മരുന്ന് പൂഴ്ത്തിവയ്ക്കാന്‍ കാരണമാകുമെന്നും കരിഞ്ചന്തകള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.