യൂറോ കപ്പ്: ഇറ്റലിക്ക് ഇന്ന് രണ്ടാം മത്സരം; ജയിച്ചാൽ പ്രീക്വാർട്ടർ

യൂറോ കപ്പിൽ കരുത്തരായ ഇറ്റലിക്ക് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി നേരിടുക. ഇന്ത്യൻ സമയം രാത്രി 12.30ന് റോമിലാണ് മത്സരം. ആദ്യ മത്സരത്തിൽ തുർക്കിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി കീഴ്പ്പെടുത്തിയത്. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഇറ്റലി. ഈ കളിയിൽ കൂടി വിജയിച്ചാൽ ഇറ്റലി പ്രീക്വാർട്ടറിലെത്തും.

റോബർട്ടോ മാൻസീനിയുടെ കീഴിൽ തോൽവിയറിയാതെ കുതിക്കുകയാണ് ഇറ്റലി. 2018 സെപ്തംബറിനു ശേഷം ഇതുവരെ ഇറ്റലി പരാജയപെട്ടിട്ടില്ല. മുൻകാലങ്ങളിലെ പ്രതിരോധ രീതി മാറ്റിവച്ച് ആക്രമണ ഫുട്ബോളാണ് ഇപ്പോൾ ഇറ്റലി കളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്തായ ഇറ്റലി തുടർന്നിങ്ങോട്ട് അവിശ്വസനീയ ഫുട്ബോളാണ് കാഴ്ചവെക്കുന്നത്. തുർക്കിക്കെതിരായ ആദ്യ മത്സരത്തിലെ പ്രകടനം അതിന് അടിവരയിടുന്നു. ഈ ജയത്തോടെ തുടർച്ചയായ 9 മത്സരങ്ങളിൽ ഇറ്റലി വിജയം കുറിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മുൻ ലോക ചാമ്പ്യന്മാർ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങൾ ഉണ്ടാവാനിടയില്ല. സിറോ ഇമ്മോബ്‌ലെ, ലോറൻസോ ഇൻസീന്യ, ജോർഗീഞ്ഞോ, നിക്കോളോ ബരെല്ല, കിയെല്ലിനി, ബൊണൂച്ചി തുടങ്ങിയവരൊക്കെ ടീമിൽ ഉണ്ടാവും. സ്വിറ്റ്സർലൻഡ് ആവട്ടെ ആദ്യ മത്സരത്തിൽ വെയിൽസിനോട് 1-1 എന്ന സ്കോറിനു സമനില വഴങ്ങിയിരുന്നു. ഇറ്റലിക്കെതിരെ ഇറങ്ങുമ്പോഴും ഒരു സമനിലയെങ്കിലുമാവും സർദാൻ ഷക്കീരിയും സംഘവും ലക്ഷ്യമിടുക.