കോപ്പ അമേരിക്ക; ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി

കോപ്പ അമേരിക്കയിൽ ബയോ ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി. ഹോട്ടൽ മുറിയിലേക്ക് പുറത്തുനിന്നുള്ള ഹെയർഡ്രസ്സറെ കൊണ്ടുവന്നാണ് ചിലി നിയന്ത്രണങ്ങൾ ലംഘിച്ചത്. ചൊവ്വാഴ്ച ബൊളീവിയക്കെതിരായ മത്സരത്തിനു മുൻപ് ഒരു പ്രാദേശിക ബാർബർ തങ്ങളുടെ മുടി വെട്ടുന്ന ചിത്രങ്ങൾ ചിലിയുടെ മുതിർന്ന താരങ്ങളായ ആർതൂറോ വിദാലും ഗാരി മെഡെലും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ ചിലി ബയോ ബബിൾ ലംഘിച്ചു എന്ന് ആരോപണം ഉയർന്നു. ഇപ്പോൾ ചിലി ഫുട്ബോൾ ഫെഡറേഷൻ അത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ എല്ലാവർക്കും നെഗറ്റീവ് ആയെങ്കിലും പുറത്തുനിന്നുള്ള ആളെ ബബിളിനുള്ളിൽ പ്രവേശിച്ചത് ശരിയായ നടപടിയല്ല എന്ന് ചിലിയൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു. ഇതിൽ ഉൾപ്പെട്ട താരങ്ങളെ ശിക്ഷിക്കുമെന്നും ഫെഡറേഷൻ കൂട്ടിച്ചേർത്തു.

ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് ഇക്കുറി കോപ്പ നടക്കുന്നത്. ബ്രസീലാണ് ആതിഥേയർ. അർജൻ്റീന, കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റാണ് കൊവിഡ് ബാധയെ തുടർന്ന് ബ്രസീലിലേക്ക് മാറ്റിയത്.

നാലര ലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ നടത്തിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം ബ്രസീൽ താരങ്ങൾ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്.