‘നോട്ടീസയച്ചിരുന്നെങ്കിൽ നേരിട്ട് ഹാജരാകുമായിരുന്നല്ലോ’; പിന്നിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പലിൻ്റെ ഗൂഢാലോചനയെന്ന് കെ വിദ്യ

വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ പതറാതെ കെ വിദ്യ. വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ച പോലെയുളള പ്രതികരണമാണെന്ന് പൊലീസ് സംശയിക്കുകയാണ്. ബയോഡാറ്റയിലെ ‘മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവര്‍ത്തിച്ചു

.

അട്ടപ്പാടി കോളജിലെ മുഖാമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനൽകി. ഇത് തന്റെ തലയിലാക്കി ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിൽ അട്ടപ്പാടി പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു.