കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കൊളംബിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 2-1 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. റോബർട്ടോ ഫിർമീനോ, കാസമിറോ എന്നിവർ ബ്രസീലിനായി വല ചലിപ്പിച്ചപ്പോൾ ലൂയിസ് ദിയാസ് ആണ് കൊളംബിയയുടെ ആശ്വാസ ഗോൾ നേടിയത്.

കളി തുടങ്ങി 10ആം മിനിട്ടിൽ തന്നെ കൊളംബിയ ബ്രസീലിനെ ഞെട്ടിച്ചു. ലൂയിസ് ദിയാസിൻ്റെ ഒരു വണ്ടർ ഗോളിലൂടെയാണ് കൊളംബിയ ഗോൾ നേടിയത്. യുവാൻ ക്വഡ്രാഡോ നൽക്ഇയ ക്രോസിൽ നിന്ന് ഒരു ബൈസിക്കിൾ ക്രിക്കിലൂടെയായിരുന്നു ദിയാസിൻ്റെ ഗോൾ. ഈ കോപ്പ അമേരിക്കയിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. 2014 ലോകകപ്പിനു ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആദ്യമായി ഒരു ഗോൾ വഴങ്ങി എന്നതും ഈ ഗോളിൻ്റെ പ്രത്യേകതയായിരുന്നു. ഈ ഗോളിനു ശേഷം കൊളംബിയ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെയുള്ള കൗണ്ടർ അറ്റാക്കിലൂടെ അവർ ബ്രസീലിനെ പരീക്ഷിച്ചെങ്കിലും ഗോൾ വീണില്ല. ലൂയിസ് ദിയാസ് തന്നയായിരുന്നു ബ്രസീലിനു തലവേദന ഉണ്ടാക്കിയത്.
78ആം മിനിട്ട് വരെ കൊളംബിയ ലീഡ് സംരക്ഷിച്ചുനിർത്തി. നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ബ്രസീൽ ആക്രമണങ്ങളെ കൊളംബിയ തടഞ്ഞുനിർത്തി. 78ആം മിനിട്ടിൽ ബ്രസീലിൻ്റെ സമനില ഗോൾ വന്നു. പകരക്കാരനായി ഇറങ്ങിയ റെനാൻ ലോദിയുടെ ക്രോസിൽ തലവച്ച് റോബർട്ടോ ഫിർമിനോയാണ് ബ്രസീലിൻ്റെ ആദ്യ ഗോൾ നേടിയത്. ഗോളിലേക്കുള്ള ബിൽഡപ്പിൽ പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി ഗോൾ നിഷേധിക്കണമെന്ന് കൊളംബിയൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി ഗോൾ അനുവദിച്ചു.
10 മിനിട്ടായിരുന്നു ഇഞ്ചുറി ടൈം. കളി സമനിലയിലേക്ക് നീങ്ങനെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ബ്രസീൽ വിജയഗോൾ കണ്ടെത്തി. നെയ്മറിൻ്റെ കോർണറിൽ നിന്ന് കാസമീറോയുടെ പോയിൻ്റ് ബ്ലാങ്ക് ഹെഡർ ഓസ്പിനയെ കീഴടക്കി വലതുളച്ചു. നാടകീയമായ ജയത്തോടെ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം ഗോൾ ഒരുക്കിയ നെയ്മർ ബ്രസീലിനായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോർ പെറുവിനെ 2-2 നു സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം പെറു തിരിച്ചു വന്നു സമനില പിടിക്കുക ആയിരുന്നു. ഗ്രൂപ്പിൽ ബ്രസീൽ, കൊളംബിയ എന്നിവരാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പെറു മൂന്നാമതും ഇക്വഡോർ നാലാമതുമാണ്. വെനിസ്വേല അവസാന സ്ഥാനത്താണ്.