യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മത്സരത്തിൽ ക്രൊയേഷ്യ സ്പെയിനെ നേരിടും. രാത്രി 9:30 ന് കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 12:30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലണ്ടും ഏറ്റുമുട്ടും.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ പാടുപെട്ട സ്പാനിഷ് ടീം സ്ലൊവാക്യയെ തരിപ്പണമാക്കിയത് അഞ്ചു ഗോളുകള്‍ക്കാണ്. ലൂയിസ് എന്റിക്കെയുടെ പരിശീലന മികവില്‍ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മൊറാട്ട ഒഴികെ ഉള്ളവര്‍ മുന്നേറ്റനിരയില്‍ ഫോമിലാണ്. ലാപോര്‍ട്ടക്കും ആല്‍ബക്കും അസ്പിലിക്യൂട്ടക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാന്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ ഡിഗിയയുടെ വിസ്മയ പ്രകടനം കൂടിയാകുമ്പോൾ സ്പാനിഷ് ആരാധകര്‍ വിജയ പ്രതീക്ഷയിലാണ്.
അതേ സമയം ടൂര്‍ണമെന്റിലെ മികച്ച മധ്യനിരകളില്‍ ഒന്നാണ് ക്രൊയേഷ്യന്‍ ടീമിന്റെ ശക്തി. ലൂക്കാ മോഡ്രിച്ചാണ് ടീമിലെ പ്ലേമേക്കര്‍. പെരിസിച്ച്, റെബിച്ച്, കാര്‍മാറിച്ച്, പെരിസിച്ച് എന്നീ താരങ്ങള്‍ കൂടി ചേരുമ്ബോള്‍ സ്പെയിനിന് ഒത്ത എതിരാളിയായി ക്രൊയേഷ്യ മാറും.
എന്തായാലും കാല്പന്ത് കളിയിലെ കരുത്തുറ്റ ടീമുകള്‍ തമ്മിലുള്ള മത്സരം പാര്‍ക്കന്‍ സ്റ്റേഡിയത്തെ ആവേശ ലഹരിയിലാക്കും.