‘എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ, കേരളം പ്രിയപ്പെട്ടത്’; ഡി.ജി.പി അനിൽകാന്ത്

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് പേരൂർക്കട എസ്.എ.പി ക്യാമ്പില്‍ സേന യാത്രയയപ്പ് നല്‍കി. ഒപ്പം നിന്ന ഉദ്യോഗസ്ഥർക്കും പേഴ്‌സണൽ സ്റ്റാഫിനും അദ്ദേഹം നന്ദി അറിയിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സർക്കാർ അതീവ ശ്രദ്ധയാണ് പുലർത്തുന്നതെന്നും പൊലീസ് സേനയ്ക്കും അതിൽ വലിയ പങ്ക് വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം, കൊവിഡ് പോലുള്ള സാഹചര്യത്തിലും കേരള പോലീസ് മാതൃകയായി പ്രവർത്തിച്ചുവെന്നും എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ കൂട്ടായ പങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അനിൽകാന്ത് പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമായി നാടിന്റെ ക്രമസമാധനം നിലനിർത്താൻ കഴിഞ്ഞുവെന്നും ലോ അൻഡ് ഓർഡർ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസിന്റെ നേട്ടത്തിൽ സേനയിലെ ഓരോ അംഗങ്ങൾക്കും പങ്കുണ്ടെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും യാത്രയയപ്പ് പ്രസംഗത്തിൽ അനില്‍കാന്ത് പറഞ്ഞു.യാത്രയയപ്പ് പരേഡില്‍ 8 പ്ലെറ്റൂണുകൾ, വിവിധ ബെറ്റാലിയനുകള്‍, കെ 9 സ്‌ക്വാഡ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർ പരേഡില്‍ പങ്കെടുത്തു.