‘ദുരൂഹത നിറഞ്ഞ അവയവ കച്ചവടം; തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന പൊലീസ്; സഹോദരിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ

സംസ്ഥാനത്ത് അവയവ മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തുറന്നു പറച്ചിലുമായി സനൽകുമാർ ശശിധരൻ. കൊവിഡ് ബാധിച്ച് മരിച്ച, അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യ കരൾ വിൽപന നടത്തിയതും അതിന് പിന്നിലെ ദുരൂഹതയുമാണ് സനൽ കുമാർ ശശിധരൻ പറയുന്നത്. തെളിവ് നശിപ്പിക്കാൻ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനിൽക്കുന്നതായുള്ള സംശയവും സനൽ കുമാർ പങ്കുവച്ചു.

ദുരിതങ്ങൾ നിറഞ്ഞതായിരുന്നു സന്ധ്യയുടെ ബാല്യകാലമെന്ന് സനൽകുമാർ പറയുന്നു. പിന്നീട് വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു താൻ കരുതിയത്. എന്നാൽ അത് ശരിയായിരുന്നില്ലെന്ന് പിന്നീട് മനസിലായി. 2018 ൽ പത്ത് ലക്ഷം രൂപയ്ക്ക് സന്ധ്യ തന്റെ കരൾ ഒരാൾക്ക് വിറ്റു. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ അവളുടെ ഭർത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെ ആരെയെങ്കിലുമോ പോലും അറിയിച്ചിരുന്നില്ല എന്നത് വളരെ ദുരൂഹമാണ്.

സന്ധ്യക്ക് കിഡ്‌നി സംബന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി അറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്‌കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്‌നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് സന്ധ്യയുടെ മകൾ പറയുന്നതെന്നും സനൽ കുമാർ പറയുന്നു. സന്ധ്യയുടെ മരണത്തിലും അതിന് ശേഷം നടന്ന സംഭവങ്ങളിലും ദുരൂഹതയും സംശയവും ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത് സമൂഹത്തോടുള്ള ഒരു സഹായാഭ്യർത്ഥനയാണ്.

മിനഞ്ഞാന്ന് അതായത് 07/11/2020 വൈകുന്നേരം എന്റെ അച്ഛന്റെ സഹോദരിയുടെ മകൾ 40 വയസുള്ള സന്ധ്യ പൊടുന്നനെ മരണപ്പെട്ടു. ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നതാണ്. ഈ ഫോട്ടോയിൽ എന്റെ ഇടതുവശത്തായി ഇടുപ്പിൽ കൈ പിടിച്ച് അന്ധാളിച്ചു നിൽക്കുന്നത് അവളാണ്. ഞാനും അനുജത്തിയും സന്ധ്യയും ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിമിഷമാണത്.

അച്ഛനില്ലാതെ അവൾ വളർന്നത് ജീവിതത്തിന്റെ എല്ലാ മൂർച്ചയും അറിഞ്ഞുകൊണ്ടായിരുന്നു. മോശം കുടുംബ സാഹചര്യം കാരണം അവൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ഉണ്ടായില്ല. സ്‌കൂളിൽ പോകേണ്ട സമയത്ത് അവൾ മറ്റെവിടെയൊക്കെയോ വീട്ടുജോലി ചെയ്യുകയായിരുന്ന്‌നു എന്ന് എനിക്ക് അറിയാമായിരുന്നു. വളർന്നു കഴിഞ്ഞപ്പോൾ വിവാഹിതയായി അവൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ മനസിലാവുന്നത് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അവളുടേത് എന്നാണ്.

മരണവിവരം ആദ്യം അറിയുമ്പോൾ അവൾക്ക് കോവിഡ് ആയിരുന്നു എന്നും വീട്ടിൽ വന്ന ശേഷം മരിച്ചു എന്നുമാണ് കേട്ടത്. പിന്നീട് അറിഞ്ഞു അവൾക്ക് കോവിഡ് മാറി എന്നും അവൾ ആരോഗ്യവതിയായി തിരിച്ചെത്തി എന്നുമാണ്. അതുകൊണ്ട് തന്നെ പൊടുന്നനെയുണ്ടായ മരണം എങ്ങനെ ഉണ്ടായി എന്നതേക്കുറിച്ച് അന്വേഷണം വേണമെന്ന് തോന്നിയിരുന്നു.