സെർജിയോ റാമോസ് പിഎസ്ജിയിൽ

റയൽ മാഡ്രിഡ് വിട്ട സ്പാനിഷ് വെറ്ററൻ പ്രതിരോധ താരം സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമയ്നിൽ കളിക്കുമെന്ന് റിപ്പോർട്ട്. താരം രണ്ട് വർഷത്തെ കരാറി ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരം നാളെ പാരീസിലെത്തി മെഡിക്കൽ പൂർത്തിയാക്കും.

രണ്ട് പ്രീമിയർ ലീഗുകൾ മുന്നോട്ടുവച്ച ഓഫറുകൾ നിരസിച്ചാണ് റാമോസ് ഫ്രഞ്ച് ക്ലബിൻ്റെ കരാർ സ്വീകരിച്ചത്. റയൽ മാഡ്രിഡിൽ ലഭിച്ചതിനെക്കാൾ ശമ്പളം റാമോസിന് പിഎസ്ജിയിൽ ലഭിക്കുമെന്നാണ് സൂചന. ശമ്പളത്തർക്കത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് റാമോസ് റയൽ മാഡ്രിഡ് വിട്ടത്.

2005ലാണ് 19 കാരനായ റാമോസ് റയൽ മാഡ്രിഡിൽ എത്തുന്നത്. സെവിയ്യയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് സ്പാനിഷ് വമ്പന്മാർക്കൊപ്പം പന്ത് തട്ടിത്തുടങ്ങിയ റാമോസ് 16 വർഷങ്ങൾ കൊണ്ട് 671 തവണയാണ് റയലിനായി കളത്തിലിറങ്ങിയത്. 101 തവണ റാമോസ് എതിരാളികളുടെ ഗോൾവലയം ഭേദിച്ചു. അഞ്ച് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 22 കിരീടങ്ങളാണ് റയലിനൊപ്പം റാമോസ് നേടിയത്.

താൻ രണ്ട് വർഷത്തെ കരാർ ആവശ്യപ്പെട്ടപ്പോൾ ക്ലബ് നൽകിയത് ഒരു വർഷത്തെ കരാർ ആണെന്നും അത് സ്വീകരിച്ചപ്പോൾ കരാർ റദ്ദായെന്ന് ക്ലബ് തന്നെ അറിയിച്ചു എന്നും റാമോസ് പറഞ്ഞിരുന്നു. ക്ലബ് വിടുന്നു എന്ന് അറിയിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് റാമോസിൻ്റെ വെളിപ്പെടുത്തൽ.