ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം; മുഖ്യമന്ത്രിക്ക് പരാതി

എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഗ്രേസ് മാർക്ക് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായികതാരങ്ങളും പരിശീലകരും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

സർക്കാർ തീരുമാനം നൂറിലധികം അത്‌ലറ്റുകളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കായിക രംഗത്തുനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്നതിന് സർക്കാർ തീരുമാനം കാരണമാകുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. കൃത്യമായ കാരണം ചൂണ്ടിക്കാട്ടാതെയായിരുന്നു ഇത്. അത്‌ലറ്റിക്‌സിൽ മാത്രം നൂറിലേറെ വിദ്യാർത്ഥികൾക്ക് വിനയാകുന്നതാണ് പുതിയ തീരുമാനം.

ഏഷ്യൻ നിലവാരത്തിലുള്ളവർ വരെ ഗ്രേസ് മാർക്ക് പട്ടികയ്ക്ക് പുറത്തു പോകുന്നത് പരിശീലകരെയും നിരാശരാക്കി.