ബാറുകളിൽ മദ്യവിൽപന ഇന്നു മുതൽ

ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ചു. ഇന്ന് മുതൽ മദ്യം നൽകുമെന്ന് ബാറുടമകൾ അറിയിച്ചു. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കൺസ്യൂമർ ഫെഡ് ഷോപ്പുകളും ഉടൻ തുറക്കും.

കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ബിവറേജസ് തുറന്നതിന് പിന്നാലെ മിക്ക ഇടങ്ങളിലും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വിവാഹത്തിന് 20 പേർ മതിയെന്ന് നിഷ്‌കർഷിക്കുന്ന സർക്കാർ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാുകളിലെ മദ്യവിൽപന പുനഃരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ബാറുടമകളുമായി നടത്തിയ ചർച്ചയിൽ വെയർഹൗസ് നികുതി 25ൽ നിന്ന് 13 ആയി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ബാറുകൾ വഴി മദ്യം പാഴ്‌സലായിട്ടാണ് നൽകുക.