കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം കേരളത്തിന് പുറത്തേക്കും നീളുന്നു. ബംഗളൂരുവില്‍ കണ്ടെത്തിയ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചുമായി ബന്ധമുണ്ടെന്നാണ് സൂചന.
ബംഗളൂരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് ഇന്നുതന്നെ കൊണ്ടുവരുമെന്നാണ് വിവരം.

കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂരിയാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നീ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇത് കേന്ദ്രീകരിച്ച് നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കേസില്‍ കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

കഴിഞ്ഞ 16ാം തിയതിയാണ് പ്രധാന പ്രതികളായ ഷബീറും പ്രസാദും കേരളം വിട്ടതായി കണ്ടെത്തിയത്. ബംഗളൂരുവിലോ കേരളത്തിന് പുറത്തോ ബന്ധങ്ങളുള്ള സ്ഥലങ്ങളില്‍ ഇവര്‍ ഒളിച്ചു താമസിക്കുകയായിരിക്കാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചുവന്നിരുന്നത്.