ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്, റാഗിങ് പദപ്രയോഗം ശരിയല്ല: മന്ത്രി വി ശിവന്‍കുട്ടി.

കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ല. ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറ‌ഞ്ഞു.

സംഭവത്തില്‍ ഡിഡിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി പറ‌ഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ പരാതിക്കാസ്പദമായ സംഭവം നടന്നത്.

മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. നിയമസദാ കയ്യാങ്കളിക്കേസില്‍ ഹാജരാവണമെങ്കില്‍ കോടതിയിൽ ഹാജരാവാം. കോടതി പറഞ്ഞാൽ അനുസരിച്ചേ പറ്റൂ. വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.