മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം ചെയ്യാന്‍ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ രീതിയില്‍ പ്രചാരണം നടന്നത്.

കൊല്ലം ഏരൂരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ ഇളവറാംകുഴി മാവിളയില്‍ വീട്ടില്‍ രാജേഷിനെയാണ് (32) സൈബര്‍ സെല്‍ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണിനെയും (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.