ഒറ്റപ്പാലം മീറ്റ്നയിൽ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം എട്ടാം ദിവസം കണ്ടെത്തി. ഭാരതപ്പുഴയിലെ പാലക്കാട് – മലപ്പുറം ജില്ല അതിർത്തിയായ കൂടല്ലൂർ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 27നാണ് പാലപ്പുറം സ്വദേശി യൂസഫിനെ ഒഴുക്കിൽ പെട്ട് കാണാതായത്.
ജീർണിച്ച് തിരിച്ചറിയാനാവാത്ത വിധത്തിൽ ആയിരുന്നു മൃതദേഹം. തിങ്കളാഴ്ച രാവിലെ യൂസഫിന്റെ സഹോദരനും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മീറ്റ്ന തടയണയ്ക്ക് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യൂസഫിനെ കാണാതാവുന്നത് . തുടർച്ചയായ അഞ്ചു ദിവസം ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സ്കൂമ്പാ ടീമും സംയുക്തമായി ചേർന്ന് ഷോർണൂർ പാലം വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. അഞ്ചാം ദിവസത്തെ തിരച്ചിലും വിഫലമായതിനെത്തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.