രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കുന്നു; നിർമ്മാണം ഈ മാസം

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും.

ഓ​ഗസ്റ്റ് 24 ന് അകം തുടങ്ങിയില്ലെങ്കിൽ കരാർ റദ്ദാകുമെന്ന് വന്നതോടെയാണ് പഴയ കരാർ കമ്പനിയായ കെ.എം.സി തിരക്കിട്ട് ഒരുക്കങ്ങൾ തുടങ്ങുന്നത്. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരുവശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചു തുടങ്ങി. 2300 ലധികം മരങ്ങളാണ് മുറിച്ചു മാറ്റാനുള്ളത്.

മുറിക്കുന്ന മരങ്ങൾക്ക് പകരം മരങ്ങൾ വയ്ക്കാൻ ദേശീയപാതാ അതോറിറ്റി തുക നീക്കി വെച്ചിട്ടുണ്ട്. 1853 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിരവധി മേൽപ്പാലങ്ങളും അടിപ്പാതകളും ഭൂഗർഭ പാതയും പണിയാനുണ്ട്.

കരാർ നൽകിയിട്ട് മൂന്ന് വർഷമായിട്ടും ഇതുവരെ നിർമ്മാണം തുടങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.