കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്; സ്വര്‍ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് സുഫിയാന്‍

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പ്രതി സുഫിയാന്‍. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

നിരന്തരമായി അര്‍ജുന്‍ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാന്‍ അറിയിച്ചു.

അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല എന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന്‍ വ്യക്തമാക്കി. അതേസമയം ഇന്നലെ ആരംഭിച്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ച വരെ തുടരും.

കൊടുവള്ളി സ്വദേശിയായ സുഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്റ്റംസും പൊലീസും. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്. സുഫിയാനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ അര്‍ജുന്‍ ആയങ്കി, കൊടി സുനി എന്നിവരുടെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ സുഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വര്‍ണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതും സുഫിയാനാണ്.