‘ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടത്’; പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി

ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ രാജ്യത്തോട് മാപ്പ് ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് പൂജയ്ക്ക് സന്ദേശം അയച്ചത്.

വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു.

പൂജയുടെ മെഡൽ ക്ഷമാപണമല്ല, ആഘോഷമാണ് അർഹിക്കുന്നത്. താങ്കളുടെ ജീവിത യാത്ര ഞങ്ങൾക്ക് പ്രചോദനമാണ്. താങ്കളുടെ വിജയം ഞങ്ങളെ ആനന്ദിപ്പിക്കുന്നു. വലിയ കാര്യങ്ങൾ ചെയ്യാനുള്ള നിയോഗം ഇനിയും ബാക്കി നിൽക്കുകയാണ്. തിളക്കമാർന്ന വിജയങ്ങൾ തുടരൂ. ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടിയത്. സ്കോട്ലൻഡ് താരത്തെ 12-2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയായിരുന്നു പൂജയുടെ വിജയം. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ് പൂജ.