‘മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന വിധി റദ്ദാക്കണം’; സുപ്രിംകോടതിയിൽ പുതിയ ഹരജി

വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയിൽ പുതിയ ഹരജി. ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ കോടതി വിധികൾ പുനഃപരിശോധിക്കാനാണ് ആവശ്യം.

അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപുണ്ടായ വിധികൾ നിയമപരമായി തെറ്റാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിൽ ആശങ്ക ഉയരുന്നതിനിടെ അണക്കെട്ടിൽ തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ എസ്. രമേശിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ പരിശോധന. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും ആലോചിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസ് പാർലമെന്റിൽ ആവശ്യമുയർത്തിയിരുന്നു. വിഷയം ഉന്നയിച്ച് കോൺഗ്രസ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണം, പുതിയ ഡാം നിർമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ എം.പി എന്നിവരാണ് നോട്ടിസ് നൽകിയത്. മുല്ലപ്പെരിയാർ അണക്കെട്ട് ജലബോംബ് ആണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.