‘ആരോഗ്യവകുപ്പിലുള്ള വിശ്വാസം നഷ്ടമായി’; കുറ്റവാളികളെ ആരോഗ്യ വകുപ്പ് സംരക്ഷിക്കുന്നുവെന്ന് ഹർഷിന

കോഴിക്കോട്: ആരോഗ്യവകുപ്പിലുള്ള വിശ്വാസം നഷ്ടമായെന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന. കുറ്റവാളികളെ ആരോഗ്യ വകുപ്പ് സംരക്ഷിക്കുകയാണ്. തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. സ്ഥലം എംഎൽഎ പി ടി എ റഹീം തിരിഞ്ഞു നോക്കിയില്ലെന്നും ഹർഷിന റിപ്പോർട്ടറിനോട് പറഞ്ഞു.

കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തളളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. ആ​ഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസം നടത്തുമെന്നും ഹർഷിന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന പൊലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ് രം​ഗത്തെത്തിയിരുന്നു. കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം. കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഓഗസ്റ്റ് 9ന് ഹർഷിനയും സമരസമിതി അംഗങ്ങളും കോഴിക്കോട് ഡിഎംഒ ഓഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം ചെയ്ത ഹർഷിനയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.