അനന്തരവളെ പിരിയാനാവില്ല, ഭർത്താവിനെ ഉപേക്ഷിച്ചുവന്ന് വിവാഹം ചെയ്ത് യുവതി

സുമൻ എന്ന യുവതിയാണ് അനന്തരവളായ ശോഭയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ വലിയ തോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

woman leaves husband and marry her niece in bihar

സ്വവർ​ഗവിവാഹങ്ങൾ ഇപ്പോഴും വലിയ ചർച്ചയാണ് ഇന്ത്യയിൽ. യാഥാസ്ഥിതികരായ ആളുകൾ മിക്കവാറും അതിനെ എതിർക്കാറുമുണ്ട്. എന്നാൽപ്പോലും, ഒരു പരിധിവരെ ആളുകളും നിയമവും സ്വവർ​ഗാനുരാ​ഗികളെയും സ്വവർ​ഗവിവാഹങ്ങളും മനസിലാക്കി വരികയാണ്. അതിനിടെ ബിഹാറിൽ നിന്നുള്ള രണ്ട് യുവതികളുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

ബിഹാറിലെ ​ഗോപാൽ​ഗഞ്ചിൽ നിന്നുള്ള യുവതി ഭർത്താവിനെ ഉപേക്ഷിച്ചെത്തി വിവാഹം ചെയ്തത് തന്റെ അനന്തരവളെയാണെന്ന് ടൈംസ് നൗ എഴുതുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. സുമൻ എന്ന യുവതിയാണ് അനന്തരവളായ ശോഭയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ വലിയ തോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗോപാൽഗഞ്ച് ജില്ലയിലെ ബെൽവ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വീഡിയോയിൽ പരസ്പരം മാലയിടുന്ന യുവതികളെ കാണാം. സുമൻ ശോഭയുടെ കഴുത്തിൽ താലി കെട്ടുന്നതും, ദമ്പതികൾ ഏഴു തവണ അ​ഗ്നിയെ വലം വയ്ക്കുന്നതും ചില വീഡിയോകളിൽ ഉണ്ട്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സുമന്റെ മറുപടി ഇങ്ങനെയായിരുന്നു. താൻ അനന്തരവളായ ശോഭയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്നു. അവളെ മറ്റൊരാൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് സങ്കല്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അവളാണ് എന്റെ ജീവിതത്തിലെ പ്രണയം. ഈ ചിന്തയാണ് എല്ലാം ഉപേക്ഷിക്കാനും പരസ്പരം വിവാഹിതരാവാനും പ്രേരിപ്പിച്ചത്.

ശോഭയും സമാനമായ കാര്യം തന്നെയാണ് പറഞ്ഞത്. ഇരുവരും പരസ്പരം പ്രണയത്തിലായതിനാലാണ് പരസ്പരസമ്മതത്തോടെ വിവാഹിതരായത് എന്നും ഇരുവരും പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് മുമ്പ് ഇവരുടെ വീട്ടുകാർക്ക് വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ രൂക്ഷവിമർശനമാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്.