പോർഷെയുടെ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് യുവാവ്; വീഡിയോ കണ്ട് ചിരിയടക്കാനാകാതെ നെറ്റിസൺസ്

കാർ എഞ്ചിൻ ഓണാക്കുമ്പോൾ, മാറ്റങ്ങൾ വരുത്തിയ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്ന് ഒരു തീജ്വാലയാണ് പുറത്തേക്ക് വരുന്നത്.

രു വ്യക്തിയുടെ സാമൂഹിക ജീവിതത്തിൽ സമൂഹ മാധ്യമ ഇടങ്ങള്‍ക്ക് ഇന്ന് വലിയ സ്വാധീനമാണ് ഉള്ളത്. വ്യത്യസ്ത വിഷയങ്ങളിലുള്ള അഭിപ്രായ പ്രകടനങ്ങൾ മുതൽ നാല് പേരുടെ മുമ്പിൽ ആളാകാനുള്ള ശ്രമങ്ങൾ വരെ സമൂഹ  മാധ്യമങ്ങളിൽ നടക്കാറുണ്ട്. എന്നാൽ, വൈറലാകുന്നതിന് വേണ്ടി ആളുകൾ നടത്തുന്ന പല ശ്രമങ്ങളും വലിയ അപകടങ്ങളിലാണ് പലപ്പോഴും അവസാനിക്കുക. വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള അതിസാഹസിക സ്റ്റന്‍ഡുകൾ മുതൽ ജീവൻ പണയം വെച്ച് കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ വരെ ഇതിൽപ്പെടുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ ഏതാനും യുവാക്കൾ ചേർന്ന് ചിത്രീകരിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. പോർഷെയുടെ ഏറെ മാറ്റങ്ങൾ വരുത്തിയ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ച് ഒരു യുവാവ് സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.  ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വൈറൽ ഫൂട്ടേജിൽ, തിളങ്ങുന്ന മഞ്ഞ പോർഷെയുടെ എക്‌സ്‌ഹോസ്റ്റിന് സമീപം ഒരാൾ അപകടകരമായി സിഗരറ്റ് പിടിച്ച് കത്തിക്കാനുള്ള ശ്രമം നടത്തുന്നത് കാണാം. കാർ എഞ്ചിൻ ഓണാക്കുമ്പോൾ, മാറ്റങ്ങൾ വരുത്തിയ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്ന് ഒരു തീജ്വാലയാണ് പുറത്തേക്ക് വരുന്നത്.

https://www.instagram.com/reel/C9zlN1tKur2/?utm_source=ig_web_copy_link

യുവാക്കൾ കരുതിയത് പോലെ സിഗരറ്റിന് തീപിടിക്കുകയായിരുന്നില്ല സംഭവിച്ചത്. മറിച്ച്, എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്നും പുറത്തേക്ക് ആളി വന്ന തീജ്വാലയിൽ സിഗരറ്റ് പിടിച്ചു കൊണ്ടിരുന്ന യുവാവിന്‍റെ കൈകളിലും മുഖത്തും പൊള്ളലേൽക്കുന്നു. അയാൾക്ക് പെട്ടെന്ന് പിറകോട്ട് മാറാൻ കഴിഞ്ഞതിനാൽ വസ്ത്രങ്ങളിലും മറ്റും തീ പിടിക്കാതെ വലിയൊരു അപകടം ഒഴിവായി. പൊള്ളൽ ഏറ്റതും യുവാക്കൾ ഭയന്ന് വീഡിയോ അവസാനിപ്പിക്കുന്നു. ഒരു സിഗരറ്റ് കത്തിക്കാനുള്ള മികച്ച മാർഗം ഏതാണ്? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്. ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വീഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ട് ലക്ഷം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. ‘വില കൂടിയ ലൈറ്റര്‍’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ‘നിങ്ങള്‍ക്ക് അടിസ്ഥാന ഊർജ്ജതന്ത്രം അറിയില്ലെങ്കില്‍ സംഭവിക്കുന്നത്’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.