ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം

എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് നേതൃത്വം. ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കളോട് വിശദീകരണം തേടാനും സാധ്യത.

ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എന്നാൽ പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു.