മുസ്ലിം ലീഗ് യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിവാദങ്ങള്‍ ചര്‍ച്ചയായേക്കും

വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മുസ്ലിം ലീഗ് ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുക. എംഎസ്എഫ് ഹരിത, ചന്ദ്രിക വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാകും.

തെരഞ്ഞെടുപ്പിലുണ്ടായ പരാജയം നേരത്തെ തന്നെ മുസ്ലിം ലീഗില്‍ ഭിന്നതകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ലീഗ് നേതൃത്വം പത്തംഗ സമിതിയെ നിശ്ചയിക്കുന്നത്. കെ എം ഷാജി, പി കെ ഫിറോസ്, എംഎല്‍എ കെപിഎ മജീദ്, പിഎംഎ സലാം ഉള്‍പ്പെടെയുള്ളവരായിരുന്നു ഈ സമിതിയിലുണ്ടായിരുന്നത്. ഇതില്‍ പിഎംഎ സലാമിനെയും യുവപ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ യോഗം.

തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു, മുസ്ലിം ലീഗിന് ലഭിച്ച അധികസീറ്റുകളില്‍ വിജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ തെരഞ്ഞെടുത്തു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ ലീഗിന്റെ ഉന്നതാധികാര സമിതി അംഗങ്ങള്‍ പോലും രണ്ടായി തിരിഞ്ഞ് യോഗം കൂടുന്നതടക്കമുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വിലയിരുത്താന്‍ നിശ്ചയിച്ച പത്തംഗ സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.