ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് സെപ്റ്റംബർ 14,15 തീയതികളിൽ കേരളത്തിൽ വ്യാപകമായി ശക്തമായ മഴ സാധ്യതയെന്നും പ്രവചനമുണ്ട്.

കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദത്തിൻ്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.