70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയിലേക്ക് നല്‍കുന്ന ഫണ്ട് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് പുതിയ വിപുലീകരണം. നിരവധി ചോദ്യങ്ങളും ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

AB PMJAY കവറേജുള്ള കുടുംബത്തിലെ 70 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (CGHS), എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (CAPF ) തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലുള്ള സ്‌കീം തുടരാം അല്ലെങ്കില്‍ AB PMJAY തെരഞ്ഞെടുക്കാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.