മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്ന് ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്. ലീഡ്സ് യുണൈറ്റഡ് താരം പാസ്കൽ സ്ട്രുയ്കിൻ്റെ ടാക്കിളിലായിരുന്നു പരുക്ക്. ടാക്കിളിൽ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

 

മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാർവിയെ പാസ്കൽ സ്ലൈഡിംഗ് ടാക്കിളിൽ വീഴ്ത്തുകയായിരുന്നു. ഉടൻ ഇരു ടീമിലെയും താരങ്ങൾ ഓടിയെത്തി. അപ്പോൾ തന്നെ ഹാർവിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫൗളിനെ തുടർന്ന് പാസ്കലിന് ചുവപ്പുകാർഡ് ലഭിച്ചു. 18കാരനായ ഇംഗ്ലീഷ് താരം ലിവർപൂളിൻ്റെ യുവതാരങ്ങളിൽ പ്രധാനിയായിരുന്നു. സീസണിലെ പ്രീമിയർ ലീഗ് പദ്ധതികളിൽ ഹാർവി സുപ്രധാന താരമാണെന്ന് പരിശീലകൻ യുർഗൻ ക്ലോപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മുഹമ്മദ് സലയും ഫബീഞ്ഞോയും സാദിയോ മാനെയുമാണ് ലിവർപൂളിൻ്റെ സ്കോറർമാർ.