റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ബാഴ്സ ടീമിലെത്തിച്ചെങ്കിലും മെംഫിസ് ഡിപായ് മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. സെർജിയോ അഗ്യൂറോയും മാർട്ടിൻ ബ്രാത്‌വെയ്റ്റും അൻസു ഫാത്തിയും പരുക്കേറ്റ് പുറത്താണ്. ലുക്ക് ഡിയോങ് ആദ്യ മത്സരത്തിൽ നിറം മങ്ങുകയും ചെയ്തു. ഇതോടെയാണ് മുന്നേറ്റ നിരയിലേക്ക് പുതിയ ആളെ തിരയാൻ ബാഴ്സ നിർബന്ധിതരായത്.

കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനോട് ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടങ്ങിയിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്.

34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.

2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.