കോട്ടയത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി 3 പേരെ കടിച്ച തെരുവുനായ ചത്തു

പാമ്പാടിയില്‍ വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം മൂന്നുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നായയുടെ ജഢം പോസ്റ്റുമോര്‍ട്ടം ചെയ്യും. പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനും അയൽവാസികളായ മറ്റ് രണ്ട് പേർക്കുമാണ്  നായ കടിയേറ്റത്. ഇന്നലെ  വൈകിട്ടായിരുന്നു സംഭവം. നായയെ  കണ്ട് വീടിനുള്ളിലേക്ക് ഓടി കയറാൻ ശ്രമിച്ച നിഷയെ പിന്നാലെ വന്ന് നായ കടിക്കുകയായിരുന്നു. കടിയേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്.

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കുക എന്നത് വളരെ എളുപ്പത്തിലുള്ള നടപടിയാണ്. പഞ്ചായത്തിരാജ് ആക്ടിലെ വകുപ്പ് പ്രകാരമാണ് വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് നൽകുന്നത് . ആദ്യം ചെയ്യേണ്ടത് വളർത്ത് മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ വാക്സിൻ എടുക്കണം. പൂർണമായും സൗജന്യമാണ് വാക്സിനേഷൻ.

എന്നാൽ വാക്സിനേഷൻ എടുത്ത സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 15 രൂപ അടയ്ക്കണം. ഈ സർട്ടിഫിക്കേറ്റുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയിൽ മൃഗം, മൃഗത്തിന്‍റെ ഇനം, പ്രായം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം. ഒരു വർഷമാണ് ലൈസൻസിന്‍റെ കാലാവധി. വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുനായ്കള്‍ക്ക് വാക്സീൻ ക്യാംപെയ്ൻ തുടങ്ങിയതോടെ കൂടുതൽ സൗകര്യമായി. മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കണമെങ്കിലും ഇനി ലൈസൻസ് വേണ്ടി വരും