തുറിച്ച കണ്ണുകൾ, കൂർത്ത മൂക്ക്; വിചിത്രമായ രൂപത്തിൽ ഒരു സ്രാവ്

വന്യവും വിചിത്രവുമായ അനവധി ജീവികളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ് ഓസ്ട്രേലിയ. അടുത്തിടെ ഒരു മത്സ്യത്തൊഴിലാളി ഇവിടെ അനേകം സവിശേഷതകളുള്ള വിചിത്രമായ ഒരു സ്രാവിനെ കണ്ടെത്തി. സാധാരണ സ്രാവുകളെ പോലെയേ ആയിരുന്നില്ല ഈ സ്രാവ്.

ഈ സ്രാവിന് വലിയ വെളുത്ത വായയും, വലിയ തുറിച്ച കണ്ണുകളും, കൂർത്ത മൂക്കും ആണ്. സിഡ്‌നിയിൽ നിന്നുള്ള ട്രാപ്മാൻ ബെർമഗുയി എന്ന മത്സ്യത്തൊഴിലാളിയാണ് ഈ സ്രാവിനെ പിടിച്ചത്. വെള്ളത്തിനടിയിൽ നിന്ന് 2,133 അടിയിൽ നിന്നുമാണ് ഇയാൾ പ്രസ്തുത സ്രാവിനെ പിടികൂടിയത്. താനാകെ അമ്പരന്നു പോയി എന്നാണ് ബെർമ​ഗുയി ഇതേ കുറിച്ച് പറഞ്ഞത്. “ഇതൊരു പരുക്കൻ തൊലിയുള്ള സ്രാവാണ്, ഇത് എൻഡേവർ ഡോഗ് സ്രാവ് ഇനത്തിൽ പെട്ടതാണ്. 600 മീറ്ററിൽ കൂടുതൽ ആഴത്തിൽ ഈ സ്രാവുകൾ സാധാരണമാണ്. സാധാരണയായി ശൈത്യകാലത്താണ് ഞങ്ങൾ അവയെ പിടിക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇക്കാര്യത്തിൽ വിദ​ഗ്ദ്ധർക്ക് ഇതേ അഭിപ്രായം ആയിരുന്നില്ല. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോസ്റ്റൽ ആൻഡ് മറൈൻ ലബോറട്ടറിയിലെ ഗവേഷണ അസോസിയേറ്റ് ഡയറക്ടർ ഡീൻ ഗ്രബ്സ് പറയുന്നത്, ” ആഴക്കടൽ ഗവേഷണത്തിൽ, മെക്സിക്കോ ഉൾക്കടലിലും ബഹാമാസിലും ഞങ്ങൾ അവയിൽ ചിലതിനെ പിടികൂടിയിട്ടുണ്ട്. അത് 740 മുതൽ 1160 മീറ്റർ വരെ ആഴത്തിൽ നിന്നാണ് പിടികൂടിയിട്ടുള്ളത്. അവ സോംനിയോസിഡേ വിഭാ​ഗത്തിൽ പെടുന്നു” എന്നാണ്.

എന്നിരുന്നാലും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലോംഗ് ബീച്ച് ഷാർക്ക് ലാബിന്റെ പ്രൊഫസറും ഡയറക്ടറുമായ ക്രിസ്റ്റഫർ ലോ ഇതിനോട് വിയോജിച്ചു. അദ്ദേഹം പറയുന്നത്, ഇത് കൈറ്റ്ഫിൻ സ്രാവിനെപ്പോലെ തോന്നുന്നു എന്നാണ്. ഏതായാലും ബെർമഗുയി പിടികൂടിയ സ്രാവ് അതിന്റെ രൂപം കൊണ്ട് വലിയ തരത്തിൽ ആളുകളെ ആകർഷിക്കുകയാണ്.