ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.

കോഴിക്കോട് താമരശേരിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. ദേശീയപാതയിൽ താമരശേരി കാരാടിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് നേരെയും അക്രമം ഉണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി.
പൊലീസ് എത്തി ഗതാഗത തടസം നീക്കി.

അതേസമയം ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.