ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകൾ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുണ്ട്.ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
കോവിഡ് ബാധിതരോ രോഗ ലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം.അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം.മദ്റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു.മദ്റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10 നകം ജില്ലാ തലങ്ങളിലും 25 നകം റെയ്ഞ്ച് തലങ്ങളിലും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീനിൻ്റെയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു…