കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു; വിട പറയുന്നത് ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്

കൊച്ചി: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് സ്വാമിനാഥന്റെ തറവാട്. 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന് ടൈംസ് മാ​ഗസിൻ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് ഫലപ്രദമാകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേർന്നു.1947ൽ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അംഗമായിരുന്നു. 1950ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് ചേർന്നു. 1952ൽ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കി. വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.

1954ന്റെ തുടക്കത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം അധികം വൈകാതം ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി താത്കാലിക ജോലിയിൽ പ്രവേശിച്ചു. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. പിന്നാലെ, അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

1971ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. റമൺ മാഗ്‌സസെ അവാർഡ്,ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം, കേരള ശാസ്ത്ര പുരസ്കാരം, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.