രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചി മോഷ്ടിക്കുന്ന മോഷ്ടാക്കൾ പിടിയിൽ

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചിക്കൾ മോഷ്ടിക്കലാണ് ഇവരുടെ രീതി.

വൈക്കം വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് ഇവർ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ആരാധനാലയങ്ങളിലെ സിസിടിവി യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്‌ക്കെത്താൻ പോലിസിനെ സഹായിച്ചത്.

ഇവരിൽ നിന്ന് പോലിസ് പണവും കണ്ടെടുത്തു. പ്രതികൾക്കെതിരെ സമാനമായ കേസുകൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അൻവർ ഷായെ പോലീസ് മോഷണം നടന്ന വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

ഇവർ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ , മോഷണം നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. വൈക്കത്ത് ഏതാനും മാസങ്ങൾക്കിടയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങൾ നടന്നിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, വലിയ കവലയിലെ അലങ്കാര ഗോപുരത്തിനു സമീപത്തെ ഭണ്ഡാരം , കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരികവലയിലെ വനദുർഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ഈ മോഷണങ്ങളുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ പിടികൂടാൻ കഴിയാതിരുന്നത് പോലിസിനേയും സമ്മർദ്ദത്തിലാക്കിയിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ടുപേരെ ഏറെ ശ്രമം നടത്തി പിടികൂടാനായത് പോലിസിനും നേട്ടമായി.