പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും, മുന്നണികൾ പ്രചാരണരം​ഗത്ത് സജീവമായി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പ്രചാരണ രംഗത്ത് രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രവർത്തകരെ കാണുന്ന തിരക്കിലാണ്. എൽ ഡി എഫ് ബൂത്ത്തല പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ബി ജെ പി സ്ഥാനാർത്ഥിയെ സംബന്ധിച്ച പട്ടിക ഇന്ന് ജില്ലാ നേതൃത്വം ചർച്ച ചെയ്യും.

പ്രചാരണത്തിൽ യു ഡി എഫ് മുന്നിലാണ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബൂത്ത് കമ്മറ്റികളിൽ നേരിട്ടെത്തി പ്രവർത്തകരെ കാണുന്ന തിരക്കിലാണ്. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്കുള്ള ജനപ്രവാഹം യു ഡി എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. പക്ഷേ സംഘടനാ സംവിധാനങ്ങളിലെ ദൗർബല്യങ്ങൾ യുഡിഎഫിനെ അലട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമൊക്കെ പ്രചാരണ രംഗത്ത് എത്തി നേതൃത്വം നൽകുമ്പോൾ ഈ ദൗർബല്യങ്ങൾ മറികടക്കാനാകുമെന്നാണ് യു ഡി എഫ് പ്രതീക്ഷ.

സി പി ഐ എം സ്ഥാനാർത്ഥിയെ ഈ മാസം 12 ന് കോട്ടയത്ത് വച്ചാണ് പ്രഖ്യാപിക്കുക. സംഘടനാ സംവിധാനത്തിലെ ശക്തമായ സി പി ഐ എം അടിത്തറയാണ് ഇടതു മുന്നണിയുടെ ആത്മവിശ്വാസം. സഹതാപ തരംഗം ഏൽക്കില്ലെന്നും അത് ചർച്ചയാക്കാതിരിക്കാനുമാണ് ഇടതു നീക്കം. പകരം പുതുപ്പള്ളിയുടെ വികസന മുരടിപ്പാണ് ഇടതു മുന്നണി പ്രധാന അജണ്ടയാക്കുന്നത്.

മണ്ഡലത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ ബി ജെ പിക്കായിട്ടില്ല. ഇക്കുറി ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ ബി ജെ പി കാണുന്നത്.