International Technology

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിലച്ചത് രണ്ട് മണിക്കൂർ; കാരണം…

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്നലെ വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനം നിലച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം ആപ്പും വെബ് ക്ലയന്റുകളും പ്രവർത്തനരഹിതമായിരുന്നു. തകരാർ കാരണം, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ വാട്ട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോൾ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാനോ കഴിഞ്ഞില്ല. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അതിന്റെ സേവനങ്ങൾ ലോകമെമ്പാടും നിലച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ്.

“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിഴവിന്റെ ഫലമാണ് ഹ്രസ്വമായ തടസ്സം നേരിട്ടത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ടെക്കിന് നൽകിയ പ്രസ്താവനയിലാണ് കമ്പനി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതേകുറിച്ച് നൽകിയിട്ടില്ല. എന്താണ് “സാങ്കേതിക പിശക്” എന്നതിനും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. ആറുവർഷം മുമ്പ് ഒരു ഒക്ടോബറിലാണ് ഇതുപോലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വാട്സാപ്പ് നിലച്ചത്.

ഡിഎൻഎസ് (ഡൊമെയ്‌ൻ നെയിം സിസ്റ്റം) സംബന്ധമായ പ്രശ്‌നം കാരണം തങ്ങളുടെ സേവനങ്ങൾ മുടങ്ങിയതെന്ന് ആ സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. മെറ്റാ ഒരു ബ്ലോഗ് ഇതേകുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. “ഞങ്ങളുടെ ഡാറ്റാ സെന്ററുകൾക്കിടയിൽ നെറ്റ്‌വർക്ക് ട്രാഫിക്കിനെ ഏകോപിപ്പിക്കുന്ന ബാക്ക്‌ബോൺ റൂട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റങ്ങൾളാണ് വാട്സാപ്പിന്റെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്ന പ്രശ്‌നങ്ങൾക്ക് കാരണമായി എന്ന് ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾ മനസ്സിലാക്കി”.

കമ്പനിയിൽ നിന്നുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, നിലവിലെ തടസ്സം സമാനമായ ഒരു പ്രശ്നത്തിന്റെ ഫലമാകാം എന്നാണ് സൂചന.

വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായപ്പോൾ…

ഒക്‌ടോബർ 25-ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30-നാണ് തകരാർ സംഭവിച്ചത്. ഉച്ചയ്ക്ക് 2:30-ഓടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും മീഡിയ ഫയലുകളും അയയ്‌ക്കാനും സ്വീകരിക്കാനും കഴിഞ്ഞില്ല. ഉപയോക്താക്കൾക്ക് ഫോൺ കോളുകളും വീഡിയോ കോളുകളും ചെയ്യാൻ കഴിഞ്ഞില്ല. മറുവശത്ത്, വാട്ട്‌സ്ആപ്പ് പ്രവർത്തനം നിലച്ചപ്പോഴും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയെ ഇത് ബാധിക്കുന്നില്ലായിരുന്നു.