ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. അതേ സമയം സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവരെ ബൈഡന്‍ നാളെ പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ട്രംപ് നടത്തിയ നിയമപോരാട്ടം തിരിച്ചടിച്ച പശ്ചാത്തലത്തിലാണ് പരാജയമംഗീകരിക്കാന്‍ ട്രംപിനോടുള്ള അനുയായികളുടെയും നേതാക്കളുടെയും നിര്‍ദേശം. തുടക്കത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളൊക്കെ ട്രംപിന്‍റെ നിയമ പോരാട്ടെത്ത പിന്തുണച്ചിരുന്നെങ്കിലും ഇപ്പോള്‍ ബൈഡന്‍റെ വിജയം അംഗീകരിക്കണമെന്നാവശ്യപ്പെടുകയാണ്.
അതേസമയം പ്രസിഡന്‍റ് പദവി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുമായി ബൈഡന്‍ മുന്നോട്ട് പോകുകയാണ്. നാളെ ആദ്യഘട്ട സെക്രട്ടറിമാരുടെ പേര് പുറത്തുവിടും. താക്കോല്‍ സ്ഥാനങ്ങളിലൊക്കെ ബൈഡനാരൊക്കെയാകും പരിഗണിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആന്‍റണി ബ്ലിങ്കനായിരിക്കും സ്റ്റേറ്റ് സെക്രട്ടറി. ഒബാമ ഭരണകൂടത്തിന് കീഴില്‍ നിരവധി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ഡെമോക്രാറ്റിക് നേതാവാണ് ബ്ലിങ്കണ്‍.വൈറ്റ് ഹൗസ് ചീഫ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് റോണ്‍ ക്ലെയിനെയാണ്. തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച ഉടനെതന്നെ കോവിഡ് കര്‍മസമിതി രൂപീകരിച്ചിരുന്നു.
ബൈഡന്‍ അധികാരത്തിലേറിയാലും ഇസ്രയേലിനുള്ള പിന്തുണ ഉറപ്പിക്കുകയാണ് ഡോണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നിലെ ഉദ്ദേശം അത് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇസ്രേയേല്‍ അനുകൂല വിദേശനയത്തില്‍ നിന്ന് പിന്‍വാങ്ങല്‍ ബൈഡന് എളുപ്പമാകില്ല