മാസങ്ങൾക്ക് ശേഷം ഞായറാഴ്ച മുതൽ വീണ്ടും മക്കയിലെ ഹറം പരിസരവും, ഹോട്ടലുകളും വിദേശ തീർത്ഥാടകരുടെ സാന്നിധ്യം കൊണ്ട് സജീവമായിതുടങ്ങും.
സൗദിയിൽ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ജിദ്ദ വിമാന താവളത്തിലും ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. മക്കയിലെ പത്ത് ശതമാനത്തിലധികം ഹോട്ടലുകളിലും ഇതിനകം ബുക്കിംഗ് പൂർത്തിയായി.
മാസങ്ങൾക്ക് ശേഷം ഞായറാഴ്ച മുതൽ വീണ്ടും മക്കയിലെ ഹറം പരിസരവും, ഹോട്ടലുകളും വിദേശ തീർത്ഥാടകരുടെ സാന്നിധ്യം കൊണ്ട് സജീവമായിതുടങ്ങും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിവിധ മേഖലകളിൽ നടന്ന് വരികയാണ്. കോവിഡ് മൂലം നിർജ്ജീവമായിരുന്ന മക്കയിലെ ഹോട്ടലുകളിൽ പത്ത് ശതമാനത്തോളം ഇതിനോടകം തന്നെ ബുക്കിംഗ് പൂർത്തിയായതായതായി ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.
വിദേശ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജിദ്ദ വിമാനത്താവളത്തിലും അന്തിമഘട്ടത്തിലെത്തി. ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് തീർത്ഥാടകരെ വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നതിനും, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകമായ വഴികളിലൂടെ പുറത്തെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. അഞ്ഞൂറിലധികം വരുന്ന ഉംറ കമ്പനികളും പ്രവർത്തന മേഖലയിൽ സജീവമായി തുടങ്ങി.
ഹറമുകളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി കഴിഞ്ഞു. ഞായറാഴ്ച മുതൽ ഓരോ ആഴ്ചയിലും 1,40,000ത്തോളം പേർക്കാണ് ഉംറ ചെയ്യുവാൻ അനുമതി നൽകുക. ഇതിൽ പതിനായിരത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. പ്രതിദിനം 60,000 ത്തോളം പേർക്കാണ് മക്കയിലെ ഹറം പള്ളിയിൽ നമസ്‌കാരത്തിന് അനുമതി നൽകുക. മദീനയിലെ മസജിദു നബവിയിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.